കൂടോത്രം

Monday, January 08, 2007

മാപ്പിള രാമായണം

ഒരു സമൂഹത്തിന്റെ ജീവിത രീതിതന്നെയാണ് സംസ്കാരം എന്നതു കൊണ്ട് അര്‍ത്ഥമാക്കേണ്ടത് എന്ന് റെയ്മണ്ട് വില്യംസ് പറയുന്നുണ്ട്. ഇസ്ലാംമതം ഒരു ജീവിത രീതിയാണെന്ന് മതവും അവകാശപ്പെടുന്നു. ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം, ഇസ്ലാം അവകാശപ്പെടുന്നത് വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ ആസ്പദമാക്കിയുമുള്ള ഒരൊറ്റ ജീവിതശൈലിയാണ് ഇസ്ലാമിന്റേത് എന്നാണ്. വില്യംസിന്റെ വാദം ഓരോ കൊച്ചു കൊച്ചു സമൂഹത്തിന്റെയും ജീവിതശൈലിയെന്താണോ അതാണ് അതിന്റെ സംസ്കാരം എന്ന അര്‍ത്ഥത്തിലാണ്. മലയാളത്തില്‍ 'മാപ്പിള' എന്ന പദം അര്‍ത്ഥമാക്കുന്ന സംസ്കാരം വൈവിധ്യങ്ങളില്ലാത്ത കേവലതയില്‍ ഊന്നിനില്‍ക്കുന്ന കേന്ദ്രിതമായ മതത്തിന്റെ സംസ്കാരം മാത്രമായിക്കാണാനാവില്ല. പ്രാദേശികവും അധിവസിക്കുന്ന ദേശത്തിന്റെ സംസ്കാരപരമായ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ഒരു വ്യത്യസ്തമായ സംസ്കാരം ഉരുത്തിരിച്ചെടുക്കുന്നതുമായ മഹത്തായ ഒരു സമൂഹത്തിന്റെ മേല്‍വിലാസമാണ് മാപ്പിള എന്നത്. ഇതരങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് പൂര്‍ണ്ണത നേടുന്ന മതസങ്കല്പങ്ങളില്‍ നിന്നുവിട്ട് മതേതരവും സാഹോദര്യപരവുമായ മൂല്യങ്ങളിലുറച്ചുനിന്നുകൊണ്ട് സംസ്കാരങ്ങളുടെ സമാധാനപരമായ വിളക്കിച്ചേര്‍ക്കലുകള്‍ സാധ്യമാക്കിക്കൊണ്ട് കേരളത്തില്‍ നിലനിന്നിരുന്ന സമൂഹത്തിന്റെ അടയാളമാണ് 'മാപ്പിള രാമായണം' പോലുള്ള കൃതികള്‍. മാപ്പിളപ്പാട്ടുകളുടെ ഇശലുകളും ഭാഷാപ്രയോഗങ്ങളും പദഘടനകളും
പ്രതിനിധാനം ചെയ്യുന്ന വ്യവഹാരങ്ങളും മൂല്യങ്ങളും മതത്തിന്റെ കേവലതയിലേക്കു ചുരുങ്ങാതെ മതേതരത്വത്തിന്റെ വിശാലതയിലേക്ക് തുറന്നിരുന്നു എന്നതിന്റെ അടയാളമായി മാപ്പിളരാമായണത്തെ കാണണം.

വടക്കേമലബാറിന്റെ വായ്മൊഴി പാരന്പര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അജ്ഞാത കര്‍തൃകമായ ഈ കൃതിയുടെ വാമൊഴി രൂപങ്ങള്‍ കണ്ടുകിട്ടിയത്.



പണ്ടു താടിക്കാരനൗലി പാടിവന്നൊരു പാട്ട്

കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്

കര്‍ക്കിടകം കാത്തുകാത്തു കുത്തിയിരിക്കും പാട്ട്

കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്

മൂന്നു പെണ്ണിനെ ദശരഥന്‍ നിക്കാഹ് ചെയ്ത പാട്ട്

അമ്മി കുമ്മായം മറിഞ്ഞും മക്കളില്ലാപാട്ട്

പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്

നാലിലും മുത്തുള്ള ലാമന്റെലുകൂട്ടും പാട്ട്

നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്

കുഞ്ഞുകുട്ടിത്തങ്കമോളെക്കൈ പിടിച്ച പാട്ട്

ഹാലിളകിത്താടിലാമന്‍ വൈ തടഞ്ഞ പാട്ട്

ഹാല് മാറ്റീട്ടന്നു ലാമന്‍ നാട്ടിലെത്തിയ പാട്ട്

നാടുവാഴാന്‍ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്

കൂനിനൊണ കേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്

ലാമനെപ്പതിനാലു കൊല്ലം കാട്ടിലാക്കിയ പാട്ട്

കൂടെയനുശന്‍ കൂട്ടിനോളും കൂടിപ്പോയ പാട്ട്

മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്

വിക്കിവിക്കി ലാശലാശന്‍ മനത്തിലായ പാട്ട്

ഉമ്മനാട്ടിനു പോയ ഭരതന്‍ ഓടിവന്ന പാട്ട്

ലാമനെക്കൂട്ടി വരുവാന്‍ പോയിവന്ന പാട്ട്



(യശശ്ശരീരനായ ടി. എച്ച് കുഞ്ഞിരാമന്‍ നന്പ്യാര്‍
പാടിക്കേട്ടതാണ് ഈ പാട്ട്. സന്പാദകര്‍ പൂര്‍ണ്ണരൂപത്തില്‍ ഇതുവരെ
പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുകൊണ്ട് മുഴുവനായി
ഇവിടെ ചേര്‍ക്കാന്‍ കഴിയുന്നില്ല.)
posted by തകര്‍പ്പന്‍ at 1/08/2007 05:26:00 PM 15 comments